ഇ വാർത്ത | evartha
സൂരജിൻ്റെ അച്ഛനെതിരെ അമ്മ: സ്വർണ്ണം കുഴിച്ചിട്ടത് ഭർത്താവ്, കുഴിച്ചിടും മുമ്പ് തന്നെ കാണിച്ചിരുന്നു
ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ഏഴ് മണിയ്ക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ ഇരുവരേയും വിട്ടയച്ചു. ഈ മാസം അഞ്ചിന് വീണ്ടുമെത്തണമെന്ന നിർദ്ദേശത്തോടെയാണ് വിട്ടയച്ചത്.
ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പങ്കില്ലെന്ന് അമ്മയും സഹോദരിയും ആവർത്തിച്ചുപറഞ്ഞതായാണ് റിപ്പോർട്ടുകൾ. അതേസമയം സൂരജിനെ കേസിൽ പ്രതിയാക്കുമെന്ന് ഉറപ്പാക്കിയപ്പോൾ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായാണ് കൂട്ടുകാരെ അടക്കം ഫോൺ ചെയ്തതെന്നും സൂര്യ വെളിപ്പെടുത്തി. എന്നാൽ ഉത്രയെ അപായപ്പെടുത്തുന്ന കാര്യം തനിയ്ക്ക് മുൻപ് അറിയില്ലായിരുന്നുവെന്ന് സൂര്യ പറഞ്ഞു.
വീട്ടുപുരയിടത്തിൽ കുഴിച്ചിട്ടിരുന്ന സ്വർണം സുരേന്ദ്രനാണ് കുഴിച്ചിട്ടതെന്നും കുഴിച്ചിട്ട ഭാഗം തന്നെ കാണിച്ചുതന്നിരുന്നെന്നും രേണുക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സ്വർണ്ണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയിൽ കണ്ടെത്തിയിരുന്നു.
മാർച്ച് രണ്ടിനാണ് സൂരജ് ബാങ്ക് ലോക്കറിൽ നിന്നും സ്വർണം എടുത്തത്. ഉത്രയെ അണലികടിച്ച് ആശുപത്രിയിലാക്കിയപ്പോൾ താലിമാലയടക്കമുള്ള ആഭരണങ്ങൾ ഊരിയെടുത്തതും സൂരജിന്റെ പക്കലുണ്ടായിരുന്നു. കുഞ്ഞിന്റേത് ഉൾപ്പടെ 37.5 പവന്റെ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. തന്നെ അറസ്റ്റ് ചെയ്യുമെന്നുറപ്പിച്ച ദിവസം സൂരജ് സ്വർണം സുരേന്ദ്രനെ ഏൽപ്പിക്കുകയായിരുന്നു. ഈ ആഭരണങ്ങളാണ് കുഴിച്ചിട്ടതെന്ന് സുരേന്ദ്രനും രേണുകയും അന്വേഷണ സംഘത്തോട് പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നേകാലിന് പിങ്ക് പൊലീസിന്റെ വാഹനത്തിലാണ് ഇരുവരെയും അടൂർ പറക്കോട്ടെ വീട്ടിൽ നിന്നും കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നത്. ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിൽ രേണുകയെയും സൂര്യയെയും പ്രത്യേകമായിട്ടും പിന്നീട് ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. ഇതിന് ശേഷം സൂരജിന്റെയും സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിലും ചോദ്യം ചെയ്ത ശേഷമാണ് ഇരുവരേയും വിട്ടയച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2U3zBEs
No comments:
Post a Comment