ഇ വാർത്ത | evartha
ലോകത്ത് പ്രതിദിനം ലക്ഷത്തിൽ കൂടുതൽ പുതിയ കേസുകൾ: മെയ് 21ന് ശേഷമുള്ള കണക്കുകൾ വിരൽചൂണ്ടുന്നത് വൻ ദുരന്തത്തിലേക്ക്
കൊറോണ വെെറസ് വ്യാപനം വൻ തോതിലാണ് ലോകത്തു നടക്കുന്നതെന്ന് പഠനറിപ്പോർട്ട്. ലോകത്ത് പുതിയ കൊറോണ കേസുകൾ വർധിക്കുന്നത് അതിവേഗത്തിലാണെന്നും ഏഴു ദിവസത്തെ ശരാശരി പ്രകാരം പ്രതിദിനം ലക്ഷത്തിൽ കൂടുതൽ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
പരിശോധനാ മികവുകളും കൂടുതൽ പരിശോധനകൾ നടത്തുന്നതും പുതിയ കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ, ഇപ്പോഴും പല രാജ്യങ്ങളിലും കൃത്യമായ രീതിയിലുള്ള കണക്കുകൾ നല്കാൻ ആവശ്യമായ പരിശോധനകൾ നടക്കുന്നില്ലെന്നതും വസ്തുതയാണ്.
ഏപ്രിൽ മാസത്തിൽ ഒരിക്കൽ പോലും ഒരു ദിവസത്തിൽ ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ മെയ് 21ന് ശേഷമുള്ള കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിൽ താഴെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് കേവലം അഞ്ച് ദിവസം മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂണ്‍ മൂന്നിന് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1,30,400 ആണ്.
ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകളും വിശകലനവും അനുസരിച്ച് ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ രോഗവ്യാപന നിരക്ക് ഇപ്പോൾ വളരെ ത്വരിതഗതിയിലാണ്. ലിബിയ, ഇറാഖ്, ഉഗാണ്ട, മൊസംബിക്ക്, ഹെയ്തി എന്നിവിടങ്ങളിൽ ഓരോ ആഴ്ചയും രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതായാണ്് റിപ്പോർട്ട്.
വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതികളിലാണ് വൈറസ് വ്യാപനം നടക്കുന്നത് എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൈന, അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള കോവിഡ് രോഗം വൻ വിപത്തു വിതച്ച പല രാജ്യങ്ങളിലും ഇപ്പോൾ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവാണുണ്ടാകുന്നതെന്നും പഠനറിപ്പോർട്ട് പറയുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/30j4g4q
No comments:
Post a Comment