ഇ വാർത്ത | evartha
മൂന്നാംഘട്ട ലോക്ക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ രാജ്യത്തെ കോവിഡ് രോഗികളിൽ വൻ വർദ്ധന: ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച
മൂന്നാംഘട്ട ലോക്ക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി. 62,939 പേർ രോഗബാധിതരാണ്.
24 മണിക്കൂറിനിടയിൽ 128 മരണങ്ങളാണ് രാജ്യത്ത് നടന്നത്. 3,277 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. 19,357 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതിൽ ഒരാൾ വിദേശിയാണ്. കോവിഡ് ബാധിതരിൽ 111 പേർ വിദേശികളാണ്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 779 മരണങ്ങൾ സംസ്ഥാനത്തുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഗുജറാത്തിൽ 472 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ്- 215. വെസ്റ്റ്ബംഗാൾ-171, രാജസ്ഥാൻ 106, ഉത്തർപ്രദേശ്-74, ഡൽഹി-73, ആന്ധ്രപ്രദേശ്-44, തമിഴ്നാട്-44 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണ സംഖ്യ.
ഇന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. വൈകീട്ട് മൂന്നിനാണ് യോഗം. ലോക്ക്ഡൗണിലെ ഇളവുകൾ, 17നു ശേഷം പൂർണമായി തുറക്കാവുന്ന മേഖലകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയവ ചർച്ചയാകും.
മുഖ്യമന്ത്രിമാരുമായിപ്രധാനമന്ത്രിയുടെ ചർച്ചയ്ക്കു മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി ഇന്നലെ ചർച്ച നടത്തിയിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുംമുൻപുതന്നെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തണമെന്നും ഇതു സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾക്കു വ്യക്തത വേണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായുള്ള ചർച്ചയിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർ ആവശ്യപ്പെട്ടു.
അതിനിടെ ലോക്ക്ഡൗൺ അവസാന ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കെ, വ്യവസായശാലകൾ തുറക്കാൻ മുന്നൊരുക്കം തുടങ്ങിക്കളിഞ്ഞു. പ്രവർത്തനം പുനരാരംഭിക്കുമ്പോഴുള്ള സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച മാർഗനിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ചു. ആദ്യ ആഴ്ച ഉയർന്ന ഉൽപാദനം പാടില്ല; സുരക്ഷാ സന്നാഹങ്ങൾ പൂർണ സജ്ജമാണെന്ന് ഉറപ്പാക്കി പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനമേ പാടുള്ളൂ. ജീവനക്കാർക്കിടയിലുള്ള ഷിഫ്റ്റിൽ ഒരു മണിക്കൂർ ഇടവേള നൽകണം. ഫാക്ടറികളിലെ ഓഫിസ് ജീവനക്കാർ 33% വീതം വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിക്കണം. എന്നിങ്ങനെയാണ് മാർഗനിർദേശങ്ങൾ.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zvPvje
No comments:
Post a Comment